Saturday, June 30, 2012

സുഹൃത്തിനെ ത്തേടി

                     
ജീവിത യാത്രയിലൊരു കൌതുകം തോന്നി
ആത്മാര്‍ത്ഥ സുഹൃത്തിനെത്തേടാനായി
തെരച്ചില്‍ തുടങ്ങും മുന്‍പേ തന്നെ
മനസ്സില്‍ കല്‍പ്പനകള്‍ ഉദിച്ചുയര്‍ന്നു
കല്‍പ്പനകള്‍ ഭാവനയില്‍ തെളിഞ്ഞു വന്നു
സാഗരത്തിനേക്കാള്‍ എന്നില്‍ ആഴമേറിയ വിശ്വാസം
സാനിധ്യത്താല്‍ പനിമതിയുടെ ശീതള ആശ്വാസം

പാപന്ധകാരത്തെ വെളിപ്പെടുത്തുന്ന ദീപനാളം
സ്വത്വചിന്തയ്ക്ക് ഉതകുന്ന ദീപസ്തംഭം 

സുഖ ദുഃഖ വേളകളില്‍ നിഴലായും
ഏകാന്തത കാംക്ഷിക്കും വേളയില്‍
പ്രകാശം കൈവിട്ട നിഴലായും
അസൂയയും മാത്സര്യ ബുദ്ധി യില്ലാത്ത ചിത്തത്തോടെ
നേരമ്പോക്കിലും ചിന്താശക്ത്തിക്ക്
ഊര്‍ജ്ജമേകും വൈദ്യുതിയായി

പ്രലോഭനങ്ങളില്‍ മഞ്ഞളിക്കാത്ത മിഴികള്‍ വേണം
ഫലിതങ്ങള്‍ കേള്‍ക്കാനും പറയാനും പാടവം വേണം
സ്വകാര്യതയില്‍ മാത്രമാകണം പരിഹാസം
സംഭാഷണ സാരാംശം ഒരേപോലെ ഗ്രഹിക്കണം
കുറ്റപത്രങ്ങള്‍ നേര്‍ക്കുനേര്‍ തുറക്കണം
മുന്നില്‍ സ്തുതിയും പിന്നില്‍ ദുഷിക്കാനും പാടില്ല
അനുഭവം പങ്കിടും വേളകളില്‍ താരതമ്യം പാടില്ല 

മനസ്സു തുറക്കാനും രഹസ്യ നിധി സൂക്ഷിക്കാനും നല്ലഖജനാവ്
പ്രത്യുപകാരം കാംക്ഷിക്കാത്ത നല്ല പരോപകാരി
ഹിതത്തെ വേദനാരഹിതമായി ബോധ്യപ്പെടുത്തുന്ന മിത്രമായി
വികാര വിക്ഷുബ്ദ്ധിയിലുതിരുന്ന വാക്കുകളെ
ശ്രവിക്കാനും ക്ഷമിക്കാനും തോന്നീടേണം 
മെല്ലെ ഭാവനയില്‍ നിന്നും ഉണര്‍ന്നു ഞാന്‍
മുന്‍വിധിയാല്‍ മൂടിയ മനസ്സ് മന്ത്രിച്ചു മന്ദഹസിച്ചു
എല്ലാം ഒത്തൊരു സുഹൃത്തിനെ കണ്ടു കിട്ടുമോ?
തത്ക്ഷണം തന്നെ ഗുരു എന്നില്‍ പാകിയ
ചിന്താബീജം പൊട്ടി മുളച്ചു
പ്രതീക്ഷകള്‍ പുലര്‍ത്തി യാചകിയായി
സംസാര ചക്രത്തിലുഴന്നീടാന്‍ തയാറായോ?    

അന്തര്യാമിയായ നിന്‍ ആത്മ സുഹൃത്തിനേക്കാള്‍
ഉത്തമ സുഹൃത്താരുണ്ടീ ഭുവനത്തില്‍ ?  

No comments:

Post a Comment